അമ്മ വിജയകുമാരിയുടെ പാട്ട് പങ്കുവെച്ച് മുകേഷ്; ആശംസകളുമായി ആരാധകരും

അവതാരകനായും നടനായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മുകേഷ്. അടുത്തിടെ യൂട്യൂബില്‍ വളരെ സജീവമായ താരം തന്റെ പഴയകാല ഓര്‍മ്മകളും ലൊക്കേഷന്‍ വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയുടെ ഒരു പാട്ട് പങ്കുവെച്ചിരിക്കുകയാണ് താരം.

ഇതിനോടകം തന്നെ അമ്മ വിജയകുമാരിയുടെ പാട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി’ എന്ന പാട്ടാണ് മനോഹരമായി വിജയകുമാരി പാടുന്നത്. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് വിജയകുമാരി.

നാടകവേദികളില്‍ നിന്നാണ് വിജയകുമാരി സിനിമയിലേയ്‌ക്കെത്തിയത്. അമ്പതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. എങ്കിലും മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയിലെ വിജയകുമാരിയുടെ വേഷത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. നാടകപ്രവര്‍ത്തകനായ ഒ മാധവന്‍ ആണ് വിജയകുമാരിയുടെ ഭര്‍ത്താവ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയോട് മാപ്പു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു യുട്യൂബ് ചാനലിന് അദ്ദേഹം തുടക്കമിട്ടത്. സിനിമാ മേഖലയില്‍ തനിക്കുണ്ടായ അനുഭവങ്ങളാണ് യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറയുന്നത്. സൈന്യം സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ‘മമ്മൂക്ക, മാപ്പ്’ എന്ന് പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നത്.

Vijayasree Vijayasree :