ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ പാട്ടു പാടി തോണി തുഴഞ്ഞ് നടന്‍ മന്‍സൂര്‍ അലിഖാന്‍; വൈറലായി വീഡിയോ

ചെന്നൈ നഗരത്തിലെ വെള്ളക്കെട്ടില്‍ പാട്ടു പാടി തോണി തുഴഞ്ഞ് നടന്‍ മന്‍സൂര്‍ അലിഖാന്‍. ബാത്ത്ടബ്ബ് തോണിയാക്കി വീടിന് ചുറ്റും വെള്ളം കയറിയ പ്രദേശത്ത് ഇറക്കി തുഴയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താന്‍ നേരിടുന്ന പ്രയാസകരമായ സാഹചര്യം എടുത്തു കാണിക്കുന്നതാണ് നടന്റെ വീഡിയോ. മന്‍സൂറിന്റെ നുങ്കമ്പാക്കത്തെ വീടിന് സമീപമാണ് താരം തോണിയുമായി എത്തിയത്. വെള്ളപ്പൊക്കത്തില്‍ മുമ്പും താരം ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ബസുള്ള റോഡ്, ഉസ്മാന്‍ റോഡിന്റെ ഒരു ഭാഗം, ഗിരിയപ്പ റോഡ്, പെരുമ്പാക്കത്തിന്റെ ചില ഭാഗങ്ങള്‍, അസീസ് നഗര്‍, കെ.കെ നഗര്‍ എന്നിവിടങ്ങളിലാണ് താത്കാലികമായി വൈദ്യുതി വിച്ഛേദിച്ചത്.

ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളുവര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും ഈ മണ്‍സൂണ്‍ കാലത്ത് ശരാശരി മഴയേക്കാള്‍ 56 മുതല്‍ 67 ശതമാനം വരെ അധികമായി ലഭിച്ചു.

Vijayasree Vijayasree :