‘മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകള്‍ തിരികെ വരട്ടെ’; ആശംസകളുമായി മോഹന്‍ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

കോവിഡ് മഹാമാരിയ്ക്കിടയിലും ഒരു പൊന്നോണം കൂടി കടന്നു വന്നിരിക്കുകയാണ്. ചിങ്ങം ഒന്നായ ഇന്ന് നിരവധി പേരാണ് ആശംസകള്‍ അറിയച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും ചിങ്ങപ്പുലരി ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്.

മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകള്‍ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവര്‍ഷം ആവട്ടെ നമ്മള്‍ ഓരോരുത്തര്‍ക്കും. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാന്‍ ഇന്ന് ആരംഭിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം, മലയാള സിനിമാ താരസംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ഒപ്പം അമ്മയും’ എന്ന ചടങ്ങ് ചൊവ്വാഴ്ച കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് പങ്കെടുത്തിരുന്നത്. പരിപാടിയില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം എല്ലാവരും അറിയുന്നില്ല. മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതില്‍ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ എല്ലവരും ചെയ്യുന്നത്.

സിനിമ വീണ്ടും തുടങ്ങുകയും അതിലൂടെ നമ്മുടെ സാമ്പത്തിക അടിത്തറയെ മുന്നോട്ട് കൊണ്ട് വരുകയും വേണം. അതിലൂടെ ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കട്ടെ’ എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനസഹായം നല്‍കാനായി അമ്മ ആരംഭിച്ച പദ്ധതിയാണ് ഒപ്പം അമ്മയും. ഇതേ തുടര്‍ന്ന് ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചു.

അതോടൊപ്പം ഒപ്പം അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എറണാകുളം എം. പി ഹൈബി ഈഡന്‍, അഭിനേതാക്കളായ ഇടവേള ബാബു, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ടിനി ടോം, മനോജ് കെ ജയന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

Vijayasree Vijayasree :