കഴിഞ്ഞ ദിവസം മമ്മൂട്ടിയുടേതായി പുറത്തെത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായി മാറിയത്.
ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമീപകാലത്ത് വളര്‍ത്തിയിരുന്ന താടി അദ്ദേഹം ട്രിം ചെയ്തിട്ടുമുണ്ട്. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ചിത്രത്തിന് പ്രശംസയുമായാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ എത്തിയിരിക്കുന്നത്.
‘സാഗര്‍ എലിയാസ് ജാക്കി’യുടെ മോഡേണ്‍ ലുക്ക് പോലെ തോന്നുന്നുവെന്നാണ് പല കമന്റുകളും. ‘സാഗര്‍ എലിയാസ് ജാക്കി 2.0’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
അതേസമയം ഗള്‍ഫ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ മോഹന്‍ലാല്‍ ‘ബ്രോ ഡാഡി’യില്‍ ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുമായാണ് മോഹന്‍ലാല്‍ കഴിഞ്ഞയാഴ്ച ദുബൈയില്‍ എത്തിയത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു.
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ‘ലൂസിഫറി’നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ കൂടാതെ ജീത്തു ജോസഫിന്റെ ’12th മാന്‍’, ‘ബറോസ്’ എന്നിവയും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്.