ചിത്രത്തിനായി ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്, ആറാട്ട് തിയേറ്ററില്‍ റിലീസിനെത്തുമോ എന്ന ആശങ്കയ്ക്ക് മറുപടിയുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആറാട്ട്. കോവിഡ് മൂലം തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സിനിമയുടെ റിലീസ് സംബന്ധിച്ച് ആരാധകര്‍ ഏറെ ആശങ്കയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

ആറാട്ട് തിയേറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും അത് ചെയ്യും. ചിത്രത്തിനായി ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ആറാട്ട് തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ആറാട്ടിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.

Vijayasree Vijayasree :