കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചാവിഷയമായിരിക്കുകയാണ് സ്ത്രീധനം. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിനു പിന്നാലെയാണ് ഈ വിഷയം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതിനോടകം നിരവധി പേരാണ് സ്ത്രീധനത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആറാട്ട് സിനിമയിലെ ഒരു രംഗത്തിനൊപ്പമാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്. ‘തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്,’ എന്നും വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.
അതേസമയം മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ട് ഒക്ടോബര്‍ 14ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.പൂജ അവധി സമയത്ത് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ്, മാത്രമല്ല, തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക.