എല്ലാ ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി, ഇവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രം റിലീസായത്. ഇതിനു പിന്നാലെ ചിത്രത്തിനെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിഷ്ണു മോഹന്‍.

സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലന്‍സ് നല്‍കാന്‍ തയ്യാറായവര്‍ വലിയ തുക ചോദിച്ച സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലന്‍സ് നല്‍കാന്‍ തയ്യാറായതോടെയാണ് സിനിമയില്‍ അത് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹന്‍ പറഞ്ഞു.

സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍.ജി.ഒ ആണെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എന്‍.ജി.ഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും സംവിധായകന്‍ വിഷ്ണു ചോദിച്ചു. ഇനി നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോ. കേരളത്തില്‍ ആര്‍ക്കാണ് ഇതെല്ലാം അറിയാത്തത്.

ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതല്ലേ. എല്ലാ ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും. ഒരു ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ അങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ല എന്നും വിഷ്ണു പറഞ്ഞു.

Vijayasree Vijayasree :