മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മകന്റെ ആദ്യ വിജയദശമിക്ക് സാക്ഷിയായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി മേഘ്‌ന രാജ് സര്‍ജ.
ദസറ ആഘോഷകാലത്ത് അച്ഛന്റെ അമ്മയുടെ വീട്ടിലാണ് മേഘ്‌നയും മകന്‍ റായന്‍ രാജ് സര്‍ജയും. മകന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
‘എന്റെ കുടുംബത്തെ സംബന്ധിച്ച് ദസറ എക്കാലത്തും സവിശേഷമായ ഒരു ആഘോഷമായിരുന്നു. എന്റെ കുഞ്ഞു രാജകുമാരന്‍ അവന്റെ ആദ്യ വിജയദശമി അവന്റെ കൊല്ലു പാട്ടിയുടെ (എന്റെ അച്ഛന്റെ അമ്മ) വീട്ടിലാണ് ആഘോഷിക്കുന്നത്. ചിത്രത്തില്‍ നിങ്ങള്‍ കൊണുന്ന ബൊമ്മക്കൊലുവൊക്കെ 45 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ളവയാണ്.
കഴിഞ്ഞ നവരാത്രിക്കാലത്താണ് റായന്‍ ജനിച്ചത് എന്നത് ഈ ദിനങ്ങളെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ വിജയദശമി ആശംസിക്കുന്നു. ചിരഞ്ജീവി സര്‍ജ, മേഘ്‌ന രാജ്, റായന്‍ രാജ് സര്‍ജ’, മകന്റെ ചിത്രങ്ങള്‍ക്കൊപ്പം മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അന്നു മുതല്‍ എല്ലാവര്‍ക്കും ജൂനിയര്‍ ചീരുവിനെയും വളരെ ഇഷ്ടമാണ്. കുഞ്ഞിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും കാത്തിരിക്കാറുമുണ്ട്.