മരയ്ക്കാര്‍ ഒടിടിയ്ക്ക് തന്നെ, ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് വിവരം, വിവരങ്ങള്‍ ഇങ്ങനെ

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

‘മരക്കാര്‍ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവില്‍ അത് പൂര്‍ത്തിയായപ്പോഴും തിയേറ്റര്‍ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോള്‍ എന്റെ മനസില്‍.’ എന്നാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

എന്നാല്‍ റിലീസ് തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒടിടിക്കു നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിയ്ക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

Vijayasree Vijayasree :