മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ 2021 അവസാനിയ്ക്കുമ്പോള്‍ മഞ്ജു പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധേയമാവുന്നത്. അതോടൊപ്പം തന്നെ മഞ്ജു മുമ്പ് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നുണ്ട്.
‘കഴിഞ്ഞതിനെക്കാള്‍ മനോഹരമാണ് വരാനിരിയ്ക്കുന്നത്’ എന്നാണ് മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ജീവിതം എപ്പോഴും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും മോഹിക്കുന്നതും അല്ല. ചെയ്യുന്നതും ചെയ്തുകൊണ്ടിരിയ്ക്കുന്നതും എന്തായി തീരുന്നു എന്നതും കൂടെയാണ്. ഒരു പുതിയ തുടക്കത്തിലേക്ക്’ 2021 ലെ ന്യൂ ഇയര്‍ ദിനത്തില്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.
ജീവിതത്തില്‍ എങ്ങിനെയാണ് എപ്പോഴും ഇത്രയധികം പ്രസന്റ് ആയി ഇരിക്കാന്‍ കഴിയുന്നത് എന്ന് മഞ്ജുവിനോട് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയാണ് ഈ വാക്കുകള്‍, ‘എല്ലാ ദിവസവും പുതുമയുള്ളതാണ്, നിങ്ങള്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അത്രയും പുതുമയിള്ളത്’
സ്വയം പ്രചോദിപ്പിയ്ക്കുന്ന തരത്തിലുള്ള ക്വാട്ടുകളാണ് പലപ്പോഴും മഞ്ജു വാര്യര്‍ പങ്കുവയ്ക്കുന്നത്. ഈ ഒരു ഫോട്ടോയും ക്വാട്സും അത്തരത്തില്‍ ഒന്നാണ്. ‘എല്ലാ ദിവസവും ആരെയെങ്കിലും ചിരിപ്പിയ്ക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക, നിങ്ങളും ആ പലരില്‍ ഒരാള്‍ ആണെന്ന് മറന്ന് പോകരുത്’ എന്നാണ് മഞ്ജു പറഞ്ഞത്. ചിരിക്കാന്‍ അവസരം നല്‍കുന്ന ഒന്നിനോടും ഒരിക്കലും റിഗ്രറ്റ് ചെയ്യരുത് എന്ന് മഞ്ജു പറയുന്നു. ചിരിക്കാന്‍ കിട്ടുന്ന ഒരു അവസരവും താന്‍ പാഴാക്കാറില്ല എന്ന് പല അഭിമുഖങ്ങളിലും മഞ്ജു വാര്യര്‍ പറഞ്ഞിട്ടുണ്ട്.
വാട്സ് ആപ്പ് ഫോര്‍വേഡ് മെസേജ് ആയി വരുന്ന വീഡിയോകള്‍ പോലും കലക്ട് ചെയ്ത് കണ്ട് ചിരിക്കാറുണ്ടത്രെ. വിശ്രമം ജീവിതത്തിന് എത്രമാത്രം പ്രധാനമാണെന്ന് പറയുന്ന വരികളാണ് ഇത്. നീര് വറ്റരുത്. എപ്പോഴും ജലാശം ഉണ്ടായിരിയ്ക്കണം. അതിന് വിശ്രമിയ്ക്കുകയും റീ സ്റ്റാര്‍ ചെയ്യുകയും റീ ചാര്‍ജ് ചെയ്യുകയും വേണം. അത്രയും മതി എന്നെല്ലാമാണ് താരത്തിന്റെ വാക്കുകള്‍.
ഇതുവരെ 40 ഓളം സിനിമകളില്‍ മഞ്ജു അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജുവാര്യര്‍ ചിത്രം. സണ്ണി വെയ്ന്‍ അടക്കമുള്ളവര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍, ലളിതം സുന്ദരം, പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.
1995 മുതല്‍ സിനിമാലോകത്തുള്ള മഞ്ജു വാര്യര്‍ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു
1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍.