തന്റെ വീട്ടിലേയ്ക്ക് മന്ത്രി ഓണക്കിറ്റ് എത്തിച്ചത് കോമണ്‍ സെന്‍സുള്ളവര്‍ വിവാദമാക്കില്ലായിരുന്നു; പ്രതികരണവുമായി മണിയന്‍പിള്ള രാജു

സര്‍ക്കാര്‍ സൗജന്യമായി റേഷന്‍ കടകള്‍ വഴി നല്‍കുന്ന ഓണക്കിറ്റ് മന്ത്രി ജി.ആര്‍ അനില്‍, മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ചു നല്‍കിയത് ഏറെ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. റേഷന്‍ കടകളിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവഹര്‍ നഗര്‍ ഭഗവതി ലെയ്നിലെ വീട്ടില്‍ എത്തി മന്ത്രി കൈമാറിയത്.

ഇതിന്റെ ചിത്രങ്ങള്‍ വൈറലായതോടെ ഈ ഈ വിഷയത്തില്‍ പ്രതികരണമറിയിച്ച് എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. തന്റെ വീട്ടിലേയ്ക്ക് മന്ത്രി ഓണക്കിറ്റ് എത്തിച്ചത് കോമണ്‍ സെന്‍സുള്ളവര്‍ വിവാദമാക്കില്ലായിരുന്നു എന്നാണ് താരം പറയുന്നത്. ഗുരുവായൂര്‍ നഗരസഭ നടത്തി വരുന്ന ‘അരികെ’ വെബിനാറില്‍ ആണ് മണിയന്‍പിള്ള രാജു സംസാരിച്ചത്.

റേഷന്‍ കടയില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന സാധനങ്ങളെ കുറിച്ച് താന്‍ നന്നായി പറഞ്ഞത് കേട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കിറ്റുമായി വീട്ടിലെത്തിയത്. സെലിബ്രിറ്റിയായ താന്‍ പണം വാങ്ങാതെ അഭിനയിച്ച ഒരു പരസ്യ ചിത്രമായി അതിനെ കണ്ടാല്‍ മതി എന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ വാങ്ങാനായി മണിയന്‍പിള്ള രാജു റേഷന്‍ കടയില്‍ എത്തിയത് വാര്‍ത്തയായിരുന്നു. റേഷനരി മോശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടതിനാലാണ് അതു വാങ്ങാന്‍ പോയതെന്നും അരി വീട്ടില്‍ കൊണ്ടു വന്നു ചോറു വച്ചപ്പോള്‍ മികച്ചതായിരുന്നുവെന്നും നടന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Vijayasree Vijayasree :