മലയാള ഭാഷയുടെ ഏത് ശൈലിയും ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഴിയുന്ന, മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. ഇതിനോടകം തന്നെ നിരവധി ഭാഷകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വ്യത്യസ്തങ്ങളായ സംസാര രീതികള്‍ പലകഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വ്യത്യസ്ത ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരു പുതിയ വീഡിയോ ആണ്. ഫാന്‍സ് പേജുകളിലടക്കം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കേരളത്തിലെ ഏകദേശം 14 ജില്ലകളിലെയും ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുയാണ്.
വള്ളുവനാടന്‍ മലയാളം പറയുന്ന വാത്സല്യത്തിലെ രാഘവനും, തൃശൂര്‍ക്കാരനായ പ്രാഞ്ചിയേട്ടനും, ഇടുക്കിക്കാരനായ ലൗഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും, പുത്തന്‍പണത്തിലെ തുളു കലര്‍ന്ന മലയാളവും, കുഞ്ഞനന്തന്റെ കടയിലെ കണ്ണൂരുകാരനുമെല്ലാം വീഡിയോയിലുണ്ട്.
ബസ് കണ്ടക്ടറിലെ മലപ്പുറം ശൈലി, പണ്ടത്തെ കോഴിക്കോടന്‍ ശൈലി പറയുന്ന മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, കാഴ്ചയിലെ ആലപ്പുഴക്കാരന്‍, അമരത്തിലെ കടപ്പുറം ഭാഷ, പത്തനംതിട്ടക്കാരന്‍ മാത്തുക്കുട്ടി, രാജമാണിക്യം എന്നിവയും വീഡിയോയിലെത്തുന്നുണ്ട്.
ചിത്രങ്ങളിലെ ഏറെ ശ്രദ്ധേയമായ ഡയലോഗുകള്‍ പറയുന്ന ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. വിവിധ ഭാവങ്ങളും വികാരതീവ്രമായ ഭാഗങ്ങളും കൈകാര്യം ചെയ്യുമ്പോഴും ഭാഷശൈലിയില്‍ നിന്നും തരിമ്പും വ്യതിചലിക്കാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് നിരവധി പേരാണ് പറയുന്നത്. ഇതില്‍ ഉള്‍പ്പെടാത്ത മമ്മൂട്ടി ചെയ്ത മറ്റു കഥാപാത്രങ്ങളും അവരുടെ ശൈലികളും വീഡിയോക്ക് താഴെ കമന്റുകളായി വരുന്നുണ്ട്.