വ്യത്യസ്ഥങ്ങളായ നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് മമ്മൂട്ടി. അദ്ദേഹം അവതരിപ്പിച്ച വേറിട്ട കഥാപാത്രമായിരുന്നു സൂര്യമാനസം എന്ന സിനിമയിലെ പുട്ടുറുമീസ്. ആ കഥാപാത്രത്തിന്റെ ശബ്ദവും ഏറെ വ്യത്യസ്തമായിരുന്നു. മമ്മൂട്ടി തന്നെയാണ് പുട്ടുറുമീസിന് ശബ്ദം നല്‍കിയത്. എന്നാല്‍ ചില സീനുകളില്‍ നടന്‍ ഷമ്മി തിലകന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഷമ്മി തിലകന്‍.
സൂര്യമാനസത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രഘുവരന് ശബ്ദം നല്‍കാനാണ് തന്നെ വിളിച്ചത് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. അതിനിടയില്‍ മമ്മൂട്ടിയുടെ ഒരു സീനിലെ ഡയലോഗ് വെറുതെ മൈക്കിലൂടെ പറഞ്ഞു. സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന സംവിധായകന്‍ വിജി തമ്പി പെട്ടെന്നു മൈക്കിലൂടെ വിളിച്ചു ചോദിച്ചു ‘ഷമ്മീ, മമ്മൂക്ക വന്നിട്ടുണ്ടോ?’, ഇല്ല അത് താന്‍ ചെയ്തതാണ് എന്ന് പറഞ്ഞു. രഘുവരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി വീട്ടിലെത്തി, രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഡബ്ബിംഗ് ഇനിയും തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിജി തമ്പി വീണ്ടും വിളിച്ചു.
തന്റെ ഭാഗമെല്ലാം തീര്‍ത്തെന്ന് പറഞ്ഞപ്പോഴാണ് രഘുവരന് അല്ല മമ്മൂക്കയ്ക്ക് ആണ് ഡബ്ബ് ചെയ്യേണ്ടത് എന്ന് പറഞ്ഞത്. താന്‍ ഞെട്ടി. മമ്മൂക്കയുടെ സീന്‍ ഡബ്ബ് ചെയ്യുകയെന്ന സാഹസം ശരിയാകില്ലല്ലോ. മമ്മൂക്കിയില്ലേ എന്ന് ചോദിച്ചു. അദ്ദേഹത്തിന് വേറെ ഷൂട്ടിന് പോകണമായിരുന്നു.
താന്‍ ചെയ്താല്‍ അത് പരാതിയാകും പറ്റില്ലെന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടും വിശ്വസമായില്ല. വിജി തമ്പി മമ്മൂക്കയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞു. ‘ആ, ഞാനാ. അതങ്ങു ചെയ്തേര്’ എന്നു മമ്മൂക്ക ഒറ്റവാക്കില്‍ അനുമതി നല്‍കി. ഒന്നോ രണ്ടോ സംഭാഷണങ്ങളും സംഘട്ടത്തിനിടയിലെ ചില ഇഫക്ടുകളുമാണ് ഞാന്‍ മമ്മൂക്കയ്ക്കു വേണ്ടി ഡബ് ചെയ്തത് എന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മമ്മൂട്ടി പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. സത്യനും പ്രേംനസീറും നായകന്‍മാരായ ചിത്രം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഒരു ഫോട്ടോയാണ് മമ്മൂട്ടി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കളറാക്കി തന്നതിന് നന്ദി പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ”ഇത് ചെയ്ത വ്യക്തിക്ക് വലിയ നന്ദി. സെല്ലുലോയിഡില്‍ ഞാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴുള്ള ഒരു സ്‌ക്രീന്‍ ഗ്രാബ് ആണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കളറാക്കി. മറ്റൊരു കാലഘട്ടത്തില്‍ നിന്ന് അത്തരം ഉജ്ജ്വലമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു.”
”സത്യന്‍ മാസ്റ്ററുടെ സിനിമയില്‍ അഭിനയിക്കാനുള്ള അപൂര്‍വ പദവി എനിക്ക് ലഭിച്ചു. അദ്ദേഹം ഉറങ്ങി കിടക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ കാലില്‍ സ്പര്‍ശിച്ചതും ഞാന്‍ ഓര്‍ക്കുന്നു” എന്നാണ് ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിധി എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
1971ല്‍ റിലീസ് ചെയ്ത ചിത്രം കെ.എസ് സേതുമാധവന്‍ ആണ് സംവിധാനം ചെയ്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. തകഴി ശിവശങ്കരന്‍ പിള്ളയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എത്തിയത്.