മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടു പോയില്ലെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് ആരാധികയുടെ വീഡിയോ കാണാത്തവരായി ആരുമുണ്ടാകില്ല. ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി പീലി മോളുടെ ജന്മദിനത്തില് സമ്മാനങ്ങളും കൊടുത്ത് അയച്ചിരുന്നു.
ഇപ്പോഴിതാ, മമ്മൂട്ടിയെ നേരിട്ട് കണ്ട പീലി മോളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. റോബേര്‍ട്ട് ജിന്‍സ് പങ്കുവച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;
അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നല്കി.
(മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മുക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന് .. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം..
പിറന്നാള്‍ ആഘോഷത്തില്‍ വിളിക്കാതിരുന്നതില്‍ പരിഭവിച്ച കുഞ്ഞ് ആരാധികയോട് കോവിഡ് ഒന്ന് മാറിക്കോട്ടെ, നേരില്‍ കാണാമെന്ന് താരം അന്നേ ഉറപ്പ് നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹിയാണ് പീലിയുടെ പിതാവ് ഹമീദലി.
