ആറോ ഏഴോ ചിത്രം ഒരുപോലെ പൊളിഞ്ഞു, അതുകൊണ്ട് മമ്മൂക്ക ഡേറ്റ് നല്‍കിയില്ല, പക്ഷേ അത് മറ്റൊരു താരോദയത്തിനാണ് കാരണമായത്; തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി

മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു രാജാവിന്റെ മകന്‍. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചിരുന്നത് എന്ന് പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിക്കായി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. അദ്ദേഹം ഡേറ്റ് നല്‍കാത്തതിനാല്‍ ചിത്രം മോഹന്‍ലാലിനെ തേടിയെത്തുകയായിരുന്നുവെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.

‘രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് മമ്മൂട്ടി വെറുതെയായിരുന്നില്ല ഡേറ്റ് കൊടുക്കാതിരുന്നത്. ആറോ ഏഴോ ചിത്രമായിരുന്നു ഒരുപോലെ പൊളിഞ്ഞത്. ഈ സമയത്താണ് അടുത്ത പടവുമായി എത്തുന്നത്. അതുകൊണ്ട് മമ്മൂക്ക ഡേറ്റ് കൊടുക്കാന്‍ വിസമ്മതിച്ചു.

എന്നാല്‍ ഈ തിരക്കഥ കൊണ്ട് ഗുണം കിട്ടിയത് മോഹന്‍ലാലിന് ആയിരുന്നു.മോഹന്‍ലാലിന്റെ ഇമേജില്‍ ഒരിക്കലും ഒരാളും രാജാവിന്റെ മകന്‍ പേലുള്ള ചിത്രം ചിന്തിക്കില്ല. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്ന മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍.

അതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം ആദ്യം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തത്. എന്നാല്‍ രാജാവിന്റെ മകനില്‍ വന്നപ്പോള്‍ ഒരേയൊരു സീനില്‍ മാത്രമാണ് അദ്ദേഹം ചിരിക്കുന്നത്. ബാക്കി ആ സിനിമയില്‍ മോഹന്‍ലാല്‍ ചിരിക്കുന്ന രംഗങ്ങളില്ല.

ആ ഒരു മാറ്റം മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് കാരണമായി. മോഹന്‍ലാലിന് എല്ലാ തരത്തിലുമുളള ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നുള്ളതിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകന്‍’, എന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.

Vijayasree Vijayasree :