ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മാള്‍ട്ടോവ ഘടകം

മലയാളികളുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. താരത്തിന്റേതായി എത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പലായനം ചെയ്യുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മാള്‍ട്ടോവ ഘടകം.

താല്‍ക്കാലിക താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യവും മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കുള്ള സഹായവുമാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. ആവശ്യം ഉള്ളവര്‍ക്ക് അമീന്‍ +37367452193, അനസ് +373 67412025എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്നാണ് വിവരം.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പതിനായിരത്തോളം ജനങ്ങളാണ് മാള്‍ട്ടോവ വഴി പലായനം ചെയ്യുന്നത്. ഇതുവരെ റുമേനിയ, ഹംഗറി രാജ്യങ്ങള്‍ വഴി 907 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിട്ടുണ്ട്. മാള്‍ട്ടോവ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇന്ത്യയുടെ ശ്രമവും തുടരുകയാണ്.

പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ എംബസി 10 ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.യുക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തി കടന്ന 153 ഇന്ത്യക്കാരില്‍ 80 പേരും മലയാളികളാണ്.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകുന്നത്.

Vijayasree Vijayasree :