മുംബൈ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയ ‘മേജര്‍’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ചിത്രത്തില്‍ അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 2ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ റിലീസ് മാറ്റിവെക്കേണ്ടി വന്നു. ആഗസ്റ്റ് 2020ലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആദ്യമായി ആരംഭിച്ചത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്ന് സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു.