കൊവിഡ് കാരണം സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി അടക്കമുള്ള നിരവധി സിനിമകള്‍ അന്യ സംസ്ഥാനങ്ങളിലാണ് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതില്‍ തൊഴില്‍ നഷ്ടപ്പെടുന്നത് കേരളത്തിലെ ആയിരക്കണക്കിന് സിനിമ തൊഴിലാളികള്‍ക്കാണ്.
സംഭവത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയിരുന്നു. കൂടാതം നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍.
സീരിയല്‍ ഷൂട്ടിങ്ങിനും പരസ്യങ്ങള്‍ക്കുമെല്ലാം കേരളത്തില്‍ അനുമതിയുണ്ട്. എന്ത് കൊണ്ടാണ് സിനിമ ചിത്രീകരണത്തിന് മാത്രം അനുമതി നല്‍കാത്തതെന്നാണ് മഹേഷിന്റെ ചോദ്യം. കഴിഞ്ഞ കൊവിഡ് സമയത്ത് ഷൂട്ടിങ്ങ് നടത്തുന്നതിന് വേണ്ടി സ്വയം പ്രത്യേക മാനദണ്ഡങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു. ഇത്തവണയും സര്‍ക്കാര്‍ അനുമതി നല്‍കും എന്ന പ്രതീക്ഷയിലാണ് ഒരുപാട് പൈസ മുടക്കി സിനിമ സെറ്റുകള്‍ കേരളത്തില്‍ തന്നെ നിര്‍മ്മിച്ചതെന്നും മഹേഷ് പറയുന്നു.
‘മുംബൈയില്‍ നിന്നും വെബ്സീരീസിന്റെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്നുണ്ട്. 200 പേരെ വെച്ച് പരസ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നു. അതിനൊന്നും കുഴപ്പമില്ല. എന്ത്കൊണ്ട് സിനിമ മാത്രം എന്നതാണ് നമ്മുടെ ചോദ്യം. മുംബൈയില്‍ നിന്ന് ഇവിടെ ചിത്രീകരണത്തിന് എത്തുമ്പോള്‍ അവര്‍ക്കൊപ്പം ക്രൂവും ഉണ്ടായിരിക്കും. അപ്പോഴും നമ്മുടെ മലയാളികള്‍ക്ക് ജോലി കിട്ടണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ ഇവിടെയുള്ള തൊഴിലാളികള്‍ എന്ത് ചെയ്യണം എന്നുള്ളതാണ് നമ്മുടെ പ്രശ്നം’ എന്നും അദ്ദേഹം പറഞ്ഞു.