ടേക്ക് ഓഫില്‍ പാര്‍വതിയെ കണ്ട ശേഷം ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായത് കൊണ്ട് അവരെ കാണാന്‍ തന്നെ തോന്നുന്നില്ലാല്ലോ എന്നാണ് ചിലര്‍ പറഞ്ഞിരുന്നത്, പക്ഷേ മാലിക്കില്‍ അങ്ങനെയല്ല

മഹേഷ് നാരായണന്‍ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം മാലിക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജൂണ്‍ 15ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസായത്. ഇപ്പോഴിതാ ചിത്രത്തില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മഹേഷ് നാരായണന്‍.

ടേക്ക് ഓഫ് ചിത്രത്തിലെ പാര്‍വതിയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ നിമിഷയുടെ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചത്. ടേക്ക് ഓഫില്‍ പാര്‍വതിയെ കണ്ട ശേഷം ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായത് കൊണ്ട് അവരെ കാണാന്‍ തന്നെ തോന്നുന്നില്ലാല്ലോ എന്ന് ചിലര്‍ പറഞ്ഞിരുന്നു.

എന്നാല്‍ മാലികില്‍ അങ്ങനെയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരിയേഷന്‍ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രണയവും വിരഹവും ദുഖവും പ്രതികാരവും എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമയായിട്ടാണ് മാലിക്കിനെ കാണുന്നത് എന്നാണ് മഹേഷ് നാരായണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ബീമാപ്പള്ളി വെടിവയ്പ്പിനെ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ചിത്രം സാങ്കല്‍പ്പികമാണെന്നും അതില്‍ യഥാര്‍ത്ഥ സംഭവങ്ങളൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നുമാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വെളിപ്പെടുത്തിയത്.


Vijayasree Vijayasree :