കമല്‍ഹാസന്റെ വലംകയ്യും മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ആര്‍. മഹേന്ദ്രന്‍ ഡിഎംകെയില്‍ ചേര്‍ന്നു

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റും കമല്‍ഹാസന്റെ വലംകൈയ്യുമായിരുന്ന ഡോ. ആര്‍. മഹേന്ദ്രന്‍ കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണു മഹേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വീകരിച്ചത്. ജനാധിപത്യവിരുദ്ധമായ രീതിയിലാണ് എംഎന്‍എം പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു മേയിലാണ് മഹേന്ദ്രന്‍ പാര്‍ട്ടി വിട്ടത്.

78 ആളുകളോടൊപ്പം ഞാന്‍ ഡിഎംകെയില്‍ ചേര്‍ന്നു. എന്റെ കൂടുതല്‍ അനുയായികള്‍ ഉടന്‍ ചേരും. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളിലൂന്നി, നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കി പ്രവര്‍ത്തിക്കുന്ന എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരില്‍ സന്തോഷമുണ്ട്.’എന്നും മഹേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പരിസ്ഥിതി വിഭാഗത്തിന്റെ കണ്‍വീനറായിരുന്ന പത്മപ്രിയ, ആദിദ്രാവിഡ വിഭാഗം നേതാവ് ജഗദീഷ്‌കുമാര്‍ എന്നിവരും മഹേന്ദ്രനൊപ്പം ഡിഎംകെയില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു. മഹേന്ദ്രന്‍ ചതിയന്‍ ആണെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. നിയമ സഭാ തെരഞ്ഞെടുപ്പിലെ കനത്ത് തോല്‍വിയാണ് പാര്‍ട്ടിക്കകത്ത് കലാപം ഉണ്ടാകാനും പിന്നീട് വിമതര്‍ പാര്‍ട്ടി വിട്ട് പുറത്തുവരാനും കാരണമായത്.

154 സീറ്റില്‍ മത്സരിച്ച എംഎന്‍എമ്മിന് ഒരു സീറ്റുപോലും നേടാനായില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കന്നിയംഗത്തിനിറങ്ങിയ എംഎന്‍എമ്മിന് 3.78 ശതമാനം വോട്ട് ലഭിച്ചെങ്കിലും 37 ല്‍ ഒരു സീറ്റില്‍ ഒന്നില്‍പ്പോലും കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 2.62 ശതമാനമായി കുറഞ്ഞിരുന്നു.

Vijayasree Vijayasree :