ലത മങ്കേഷ്‌കറിന്റെ ആരോഗ്യ നില അതീവ ഗുരുതരം, വെന്റിലേറ്ററിലേയ്ക്ക് മാറ്റി; പ്രാര്‍ത്ഥനയോടെ ആരാധകര്‍

കഴിഞ്ഞ കുറച്ച് നാളുകളായി മുതിര്‍ന്ന ഗായികയായ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരോഗ്യ നില അതീവ ഗുരുതരം എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിച്ച് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗായിക.

ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ജനുവരി 8നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീത് സമാധാനിയാണ് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിലേക്ക് മാറ്റിയ വിവരം പുറത്തുവിട്ടത്. ‘ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില ഗുരുതരമാണ്. അതിനാല്‍ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ലതാ ജി’ എന്നാണ് ഡോ. പ്രതീത് അറിയിച്ചത്.

കുറച്ച് ദിവസം മുമ്പാണ് ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ലതാ മങ്കേഷ്‌കറിന്റെ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആരോഗ്യം നില വഷളാവുകയായിരുന്നു.

Vijayasree Vijayasree :