ആതിരയെ സ്ട്രെക്ചറില്‍ കിടത്തി നിധിനെ കാണിക്കുന്ന രംഗം കണ്ട ആരും ആ കാഴ്ച മറക്കില്ല, അച്ഛന്റെ സ്നേഹവും ലാളനയും ഏല്‍ക്കാതെ വളരുന്ന ആ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടിക്കരഞ്ഞു; കുറിപ്പുമായി ലക്ഷ്മി പ്രിയ

മലയാളികളെ ഏറെ വേദനിപ്പിച്ച വിയോഗങ്ങളില്‍ ഒന്നായിരുന്നു നിധിന്‍ ചന്ദ്രന്റേത്. ഒരുപാട് സാമൂഹിക സേവനങ്ങള്‍ ചെയ്തു പ്രവാസികള്‍ക്ക് കൈത്താങ്ങ് ആയിരുന്ന നിധിന്‍ ആരോടും യാത്ര പറയാതെയാണ് യാത്ര ആയത്. ആതിര പ്രസവത്തിനായി നാട്ടിലേക്ക് പോന്നപ്പോള്‍ കുഞ്ഞിനെ കാണാന്‍ നാട്ടില്‍ എത്തുമെന്ന് നിധിന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിധിന്റെ ചേതനയറ്റ ശരീരമാണ് നാട്ടില്‍ എത്തിയത്. ഇപ്പോഴിതാ നിധിന്‍ യാത്രയായിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. നിധിന്റെ മകള്‍ക്ക് ഒരു വയസുമായി. ആ അവസരത്തില്‍ നിധിനെയും ആതിരയെയും കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. ഫേസ്ബുക്കിലൂടെയായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

പൊട്ടിക്കരയിച്ച ഒരു വാര്‍ത്തയുടെ ഓര്‍മ്മ ദിവസം ആണിന്ന് എന്ന് ജോസഫ് അച്ചായന്റെ ഫേസ്ബുക് പോസ്റ്റില്‍ നിന്നുമാണ് മനസ്സിലാക്കിയത്. ആ വാര്‍ത്ത വന്ന ദിവസം എങ്ങനെ കരഞ്ഞുവോ അതുപോലെ തന്നെ ഇന്നും കരഞ്ഞു. നിധിന്റെ ഓര്‍മ്മ ദിവസം നിധിന്‍ ബാക്കി വച്ചു പോയ പ്രവര്‍ത്തനങ്ങളുടെ ബാക്കി നിധിന്റെ പേരില്‍ രോഗികള്‍ക്കുള്ള കട്ടില്‍ ആയും പഠനോപകരണങ്ങള്‍ ആയും ഭക്ഷ്യ വസ്തുക്കള്‍ ആയും അച്ചായന്റെ നേതൃത്വത്തില്‍ ഒരു പറ്റം നന്മയുടെ കാവല്‍ക്കാര്‍ ഇന്ന് വിതരണം ചെയ്തു.

പെട്ടെന്ന് നിധിന്‍ കാത്തു കാത്തിരുന്നു കാണാന്‍ കൊതിച്ചു കാണാതെ പോയ ആ പൊന്നുമോളെ ഞാനോര്‍ത്തു. അച്ഛന്റെ സ്നേഹവും ലാളനയും ഏല്‍ക്കാതെ വളരുന്ന ആ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടിക്കരഞ്ഞു. അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് ആ കുഞ്ഞി വാവയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ ആണ് എന്ന്.

ഓര്‍മ്മയില്ലേ നിധിന്‍ ചന്ദ്രനെയും ആതിരയെയും? കഴിഞ്ഞ ലോക്ക് ഡൗണ്‍ തുടക്കത്തില്‍ ഗര്‍ഭിണി ആയ ആതിര സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ശേഷം ഇന്ത്യന്‍ ഗവണ്മെന്റ് ഇടപെട്ടു എല്ലാ ഗര്‍ഭിണികള്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കുമായി ‘ വന്ദേ ഭാരത് മിഷന് തുടക്കമിട്ടതും നിധിനും ആതിരയ്ക്കു ഷാഫി പറമ്പില്‍ എംഎല്‍എ ടിക്കറ്റുകള്‍ സമ്മാനിച്ചതും ആ സമ്മാനം നാട്ടിലെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി സമ്മാനിച്ചതും ശേഷം ‘ നമ്മുടെ കുഞ്ഞിനെക്കാണാന്‍ ഞാനോടി എത്തും എന്ന വാക്ക് നല്‍കി ആതിരയെ മാത്രമായി നാട്ടിലേക്ക് അയച്ചതും?

ശേഷം നാം കേട്ടത് വിധിയുടെ ക്രൂരമായ കവര്‍ന്നെടുക്കല്‍ ആയിരുന്നു. ഒരുപാട് സാമൂഹിക സേവനങ്ങള്‍ ചെയ്തു പ്രവാസികള്‍ക്ക് കൈത്താങ്ങ് ആയിരുന്ന നിധിന്‍ ആതിരയോട് പറയാതെ കണ്‍മണിയെ കാണാതെ യാത്ര പറഞ്ഞു പോയി. ആതിരയെ സ്ട്രെക്ചറില്‍ കിടത്തി നിധിനെ കാണിക്കുന്ന രംഗം കണ്ട ആരും ആ കാഴ്ച മറക്കില്ല. പ്രിയപ്പെട്ട നിധിന്‍ ബാക്കിവച്ച രക്തദാനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സുമനസ്സുകള്‍ മുന്നോട്ടു കൊണ്ടുപോകുക തന്നെ ചെയ്യും. നിധിന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീര്‍ പ്രണാമം. കണ്ടിട്ടില്ലാത്ത ആ കുഞ്ഞിമോള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു. വളര്‍ന്നു മിടുക്കിയായി ഒരുപാട് നന്മകള്‍ ചെയ്യാന്‍ ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ മോള്‍ക്ക് ഒരായിരം ഉമ്മകള്‍.

Vijayasree Vijayasree :