എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശ സമരത്തില്‍ പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍; പോസ്റ്റര്‍ പങ്കുവെച്ച് താരം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശ സമരത്തില്‍ പങ്കുചേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ കുടുംബത്തിന് ചാക്കോച്ചന്‍ ഏറെ നാളുകളായി മാസം തോറും സഹായമെത്തിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തി ഡോ: ബിജു സംവിധാനം ചെയ്ത, ‘വലിയചിറകുള്ള പക്ഷികള്‍’ എന്ന ചിത്രം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതം വരച്ചുകാട്ടിയ സിനിമയായിരുന്നു.

ഈ സിനിമയുടെ ഭാഗമായപ്പോഴാണ് ശീലാവതി എന്ന യുവതിയെയും വര്‍ഷങ്ങളായി ആ മകളെ പരിപാലിച്ചു പോരുന്ന അമ്മ ദേവകിയേയും അദ്ദേഹം പരിചയപ്പെട്ടത്. കാഠിന്യമേറിയ ജനിതകവൈകല്യത്തോടെയായിരുന്നു ശീലാവതിയുടെ ജനനം. ശേഷം ആ അമ്മയ്ക്ക് ഒരു സഹായമെന്നോണം എല്ലാ മാസവും ഒരു തുക പെന്‍ഷന്‍ ആയി നല്‍കുകയായിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ ഇരുപതില്‍പ്പരം ഗ്രാമ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വിതച്ച വിപത്തിന്റെ ദൂക്ഷ്യഫലങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്. പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ പോലും ഇതിന് ഇരകളാണ്. 12,000 ഏക്കറില്‍ പരന്നു കിടക്കുന്ന കശുവണ്ടിത്തോട്ടങ്ങളില്‍ തളിച്ച വിനാശകാരിയായ കീടനാശിനി ആ നാട്ടിലെ ജനത്തിന്റെ ജീവിതമാണ് നശിപ്പിച്ചത്.

1975-2000 കാലഘട്ടങ്ങളില്‍ നടന്ന ഈ സംഭവത്തില്‍ കാസര്‍ഗോഡുകാര്‍ മാത്രമല്ല ദുരിതം നേരിട്ടത്. കാറ്റിലും മഴയിലും അതിന്റെ തിക്തഫലം അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ജനങ്ങള്‍ക്കും ബാധിച്ചു. ഒട്ടേറെപ്പേര്‍ മരണത്തിന് കീഴടങ്ങി. 2001ല്‍ കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രക്രിയക്ക് അവസാനമായി എങ്കിലും ഇപ്പോഴും അവര്‍ ജീവിതത്തോട് പൊരുതികൊണ്ടിരിക്കുകയാണ്.

Vijayasree Vijayasree :