മലയാളികളുടെ ഈ പ്രിയ ഗായിക ആരാണെന്ന് മനസിലായോ…!, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. ഇത്തരത്തലുള്ള ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. മലയാളികളുടെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്രയുടെ ചിത്രമാണ് ഇത്.

1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി.

തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.

1983ല്‍ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്‌കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാര്‍ഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാര്‍ഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാര്‍ഡ് ചിത്രയും നേടി.

1987 ല്‍ ‘നഖക്ഷതങ്ങള്‍’ ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദവും’ എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1989 ല്‍ മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘വൈശാലി’ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നില്‍ക്കും’ എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം.

‘മിന്‍സാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം വിരാസത്തിലെ ‘പായലേ ചുന്‍ മുന്‍’ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. ‘ഒവ്വൊവ്വൊരു’ പൂക്കളുമേ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്‌കാരം.

Vijayasree Vijayasree :