മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. നാടകത്തില്‍ നിന്നാണ് ലളിത സിനിമയിലേക്ക് എത്തിയത്. പക്വതയോടെയാണ് ലളിത ഓരോ കഥാപാത്രത്തെയും സ്‌ക്രീനില്‍ എത്തിക്കുന്നതും പ്രേക്ഷകനിലേയ്ക്ക് പകര്‍ന്ന് നല്‍കുന്നത്. അടുത്തിടെ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് ഏറെ വാര്‍ത്തയായിരുന്നു.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സമ്പന്നയായ അഭിനേത്രിയുടെ ചിലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം എന്നതായിരുന്നു പ്രധാനമായും വിമര്‍ശിച്ചവര്‍ ഉന്നയിച്ച പ്രധാന ചോദ്യം. ഇപ്പോഴിതാ കെപിഎസി ലളിത ഒരു മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. കെപിഎസി ലളിതയുടെ സമ്പാദ്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് വീണ്ടും താരത്തിന്റെ പഴയ അഭിമുഖം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലളിതയുടെ ഭര്‍ത്താവും പ്രസിദ്ധനായ സംവിധായകനുമായ ഭരതന്‍ മരിച്ച ശേഷം ജീവിതം കരുപിടിപ്പിക്കാനും മക്കളുടെ പഠനവും ജീവിത ചെലവ് മുമ്പോട്ട് കൊണ്ടുപോകാന്‍ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചുമാണ് ലളിത അഭിമുഖത്തില്‍ പറയുന്നത്.
തന്നെ പോലെ കഷ്ടപെട്ടിട്ടുള്ള ഒരാളും സിനിമ ലോകത്തില്‍ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും നാളത്തേക്ക് എങ്ങനെയാണ് എന്ന് ചിന്തിക്കുന്ന ജീവിത അവസ്ഥയിലാണ് ഇപ്പോഴും താന്‍ ഉള്ളതെന്നുമാണ് അഭിമുഖത്തില്‍ ലളിത പറയുന്നത്. 1978ല്‍ ആയിരുന്നു ഭരതനുമായുള്ള ലളിതയുടെ വിവാഹം. വിവാഹശേഷം കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പിന്നീട് 1983ല്‍ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് തിരികെ എത്തിയത്. പിന്നീട് ഭര്‍ത്താവ് ഭരതന്റെ പെട്ടന്നുള്ള മരണം വരുത്തിയ ആഘാതം മൂലം സിനിമ ഉപേക്ഷിച്ച് പോയി. ശേഷം 1999ല്‍ സത്യന്‍ അന്തിക്കാടാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ ലളിതയെ അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഭര്‍ത്താവിന്റെ മരണശേഷം ജീവിതം അവസാനിച്ചപോലെയായിരുന്നുവെന്നും വരുമാനം എല്ലാ നിലച്ച് മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്നുമാണ് കെപിഎസി ലളിത പറയുന്നത്.
‘വലിയവനെ മല പോലെ വളര്‍ത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാന്‍ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതല്‍ ഇഷ്ടമാണ്. ഞാന്‍ കരയുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. ഞാന്‍ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ. എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാന്‍ എനിക്ക് സന്തോഷം തരികയൊള്ളൂ. എനിക്ക് വേദന കൂടുതല്‍ കൂടുതല്‍ തരാനാണ് ഞാന്‍ ഭഗവാനോട് പറയുക. വീട്ടില്‍ എന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ പണി ഇല്ലാതെ ഭഗവാന്‍ ഇരുത്താറില്ല.
നമ്മള്‍ ഒരു ആര്‍ട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാന്‍ സിദ്ധാര്‍ഥ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ ചാര്‍ലിയില്‍ രണ്ട് ദിവസം പോയി അഭിനയിച്ചു. കാര്യങ്ങള്‍ നടക്കണ്ടേ. ഭര്‍ത്താവിന്റെ മരണ ശേഷം ഞാന്‍ ആകെ ബ്ലാങ്കായി പോയി. എന്റെ മക്കള്‍ ആ സമയം വല്ലാതെ പേടിച്ച് പോയി. സ്ഥലം വില്‍ക്കാനായി തീരുമാനിച്ച ശേഷം അതിന്റെ അഡ്വാന്‍സ് വാങ്ങിയാണ് അന്ന് ഞങ്ങള്‍ ചിലവ് നടത്തികൊണ്ടിരുന്നത്. സത്യന്‍ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ എനിക്ക് അഭിനയിക്കാന്‍ ആകില്ല എന്ന തോന്നല്‍ ആയിരുന്നു. എങ്കിലും ആളുകളുടെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ അഭിനയിക്കാന്‍ പോയത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോള്‍ തലക്ക് പെരുപ്പാണ്’ എന്നും കെപിഎസി ലളിത പറഞ്ഞു.
എല്ലാത്തരത്തിലും സന്തോഷത്തേക്കാള്‍ ഏറെ ജീവിതത്തില്‍ ദുഖമാണ് ഉണ്ടായിട്ടുള്ളതെന്നും കെപിഎസി ലളിത പറയുന്നു. ജീവിതത്തിന്റെ 25 ശതമാനം മാത്രമാണ് സന്തോഷം നിറഞ്ഞതായി ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. ഓര്‍മവെച്ച കാലം മുതല്‍ എപ്പോഴും കൂടെയുണ്ടായിരുന്നത് ദുഖം മാത്രമായിരുന്നുവെന്നും കെപിഎസി ലളിത പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു കെപിഎസി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന താരത്തെ നിരവധി ചികിത്സകള്‍ക്ക് ശേഷമാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് ശാശ്വത പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിന്റെ ഭാരിച്ച ചിലവ് പോലും ലളിതയ്ക്ക് ഇന്ന് ബാധ്യതയായിരിക്കുകയാണ്. ലളിതയെപ്പോലുള്ള അസാമാന്യ പ്രതിഭകള്‍ നമ്മുടെ സമൂഹത്തില്‍ കുറവാണെന്നും അതിനാല്‍ തരത്തിന്റെ ജീവിന്‍ രക്ഷിക്കാനാവശ്യമായത് ബന്ധപ്പെട്ടവര്‍ ചെയ്യണമെന്നുമാണ് സിനിമയെ സ്‌നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.