ഗായകന്‍ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലടക്കം വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് വിശദീകരണം. എംജി ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
തെരഞ്ഞെടുപ്പുകളില്‍ ബിജെപി വേദികളിലെ സാന്നിധ്യമായിരുന്നു എംജി ശ്രീകുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചരണത്തില്‍ പങ്കെടുത്തു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എംജി ശ്രീകുമാറായിരുന്നു. 2016ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാര്‍ പ്രചാരണം നടത്തിയിരുന്നു.
കഴക്കൂട്ടത്തെ ബിജെപി വേദിയില്‍ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴില്‍ കരുത്ത് പകരാന്‍ കേരളത്തില്‍ താമര വിരിയണമെന്നും എംജി ശ്രീകുമാര്‍ അന്ന് പറഞ്ഞിരുന്നു.
ഈ പരാമര്‍ശങ്ങളുള്‍പ്പെടെയാണ് നിയമനനീക്കങ്ങള്‍ക്ക് പിന്നാലെ പ്രചരിക്കുന്നത്. അതേസമയം അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നുമായിരുന്നു എംജി ശ്രീകുമാറിന്റെ പ്രതികരണം.