കന്നഡയില്‍ നിന്നെത്തി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫ്. ഇതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോകളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നത്.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കാരണമാണ് സിനിമയുടെ റിലീസ് വൈകുന്നത്. ജൂലൈ 16ന് ആയിരുന്നു ആദ്യം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം മാറ്റിവെയ്ക്കുകയായിരുന്നു.
ഇപ്പോള്‍ ഒരു മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോം വന്‍ തുക വാഗ്ദാനം ചെയ്ത് കെജിഎഫ് നിര്‍മാതാക്കളെ സമീച്ചതായാണ് പുറത്ത് വരുന്ന വിവരം. ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് 255 കോടി രൂപയോളം കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. അതേസമയം, സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു നായകന്‍ യാഷ് അറിയിച്ചത്. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.