മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി കരീന കപൂറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത്. നടിക്കെതിരെ മഹാരാഷ്ട്ര സിറ്റി പൊലീസിന് ആണ് ഇക്കൂട്ടര്‍ പരാതി നല്‍കിയിരിക്കുന്നത്.

തന്റെ ഗര്‍ഭകാല അനുഭവങ്ങളെക്കുറിച്ച് കരീന ‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്നപേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ഈ പുസ്തകം ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡോയാണ് പരാതി നല്‍കിയത്.

ബൈബിള്‍ എന്നത് ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണെന്നും അതിനാല്‍ കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. ജൂലൈ ഒമ്പതിനാണ് കരീനയുടെ പുസ്തകം പ്രകാശനം ചെയ്തത്.

ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.1994ല്‍ ടോം ഹാങ്ക്‌സ് നായകനായെത്തിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ലാല്‍ സിംഗ് ചദ്ദ.

അദ്വൈത് ചന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‌സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

Vijayasree Vijayasree :