രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ല, പുരസ്‌കാരം നല്‍കും മുമ്പ് അവരുടെ മാനസികനില കൂടി പരിശോധിക്കണം; കങ്കണയുടെ പദ്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യം

ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം താരം നടത്തിയ പ്രസ്താവന ഏറെ വൈറലായിരുന്നു. 1947ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷയാണെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ഇതിനു പിന്നാലെ കങ്കണയ്ക്ക് ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് അയച്ച കത്തിലും പറയുന്നു. മുന്‍കേന്ദ്രമന്ത്രിയായ ആനന്ദ ശര്‍മയും കങ്കണയുടെ പദ്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ മാനസികനില കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഭാവിയില്‍ അവര്‍ രാജ്യത്തേയോ വീരപുരുഷന്മാരേയോ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും ആനന്ദ് ശര്‍മ പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു.

പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് അതു നല്‍കിയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കങ്കണയുടെ പ്രസ്താവനയെന്ന് ആയിരുന്നു കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞത്. കങ്കണ എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണം. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും സമരസേനാനികളുടെ ത്യാഗവുമാണ് അപമാനിക്കപ്പെട്ടത്. അധിക്ഷേപങ്ങളുന്നയിക്കുന്ന ഒരു സ്ത്രീയുടെ കൈയില്‍നിന്ന് സര്‍ക്കാര്‍ അഭിമാനകരമായ പദ്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും വല്ലഭ് പറഞ്ഞു.

ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്നായിരുന്നു നടി കങ്കണ റണാവത്തിന്റെ പ്രസ്താവന. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണം ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നെന്നും 1947-ല്‍ കിട്ടിയെന്നു പറയുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷയാണെന്നും കങ്കണ പറഞ്ഞു.

കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്. നടിക്കെതിരേ രാജ്യദ്രോഹത്തിനും സ്പര്‍ധയുണ്ടാക്കലിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗം പ്രീതി ശര്‍മ മേനോന്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Vijayasree Vijayasree :