വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം താരം നടത്തിയിരുന്ന പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ് എന്ന പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവട്ടിനെതിരെ ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സീരിയല്‍ നടി കാമ്യ പഞ്ചാബി.
കങ്കണയുടെ പത്മശ്രീ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണമെന്ന് കാമ്യ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കങ്കണയുടെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിങ്ങള്‍ എങ്ങനെ ഇതിനെ നോക്കിക്കാണുന്നു എന്ന് കാമ്യ തിരിച്ചു ചോദിക്കുകയായിരുന്നു.
‘എന്റെ രക്തം തിളച്ചു, നിങ്ങളുടേതും. ഇത് ശുദ്ധ ഭോഷ്‌കാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഭിക്ഷയാണ് എന്നാണ് അവര്‍ പറഞ്ഞത്. അവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. അവരുടെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണം. മാപ്പു പറയുകയും വേണം. ദേശത്തിന്റെ വീരജവാന്മാരെ അപമാനിക്കുന്ന പ്രസ്താവനയാണ് അവര്‍ നടത്തിയത്. യഥാര്‍ത്ഥ ഭാരതീയര്‍ അവര്‍ക്കെതിരെ സംസാരിക്കും. ഞങ്ങള്‍ പൊരുതും’ എന്നായിരുന്നു കമ്യ പറഞ്ഞത്.
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.