കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു, ‘വിക്ര’മിന്റെയും കാളിദാസിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്

ഉലകനായകന്‍ കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന വിക്രം എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കമല്‍ഹസന്റെ മകനായി ആണ് എത്തുന്നതെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോഴിതാ സംശയങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

കാളിദാസ് ഷൂട്ടിങ്ങിന് ജോയിന്‍ ചെയ്ത വിവരമാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. കാളിദാസും കമല്‍ഹാസനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു ലോകേഷിന്റെ ട്വീറ്റ്. കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.

കാളിദാസിന് പുറമെ ഫഹദ് ഫാസില്‍, നരേന്‍ വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Vijayasree Vijayasree :