പ്രശസ്ത നടന്‍ അര്‍ജുന്‍ സര്‍ജയുടെ ഭാര്യാപിതാവും മുതിര്‍ന്ന നടനുമായ കലാതപസ്വി രാജേഷ് അന്തരിച്ചു

പ്രശസ്ത കന്നഡ നടന്‍ ആയ കലാതപസ്വി രാജേഷ്(89) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ കൂടാതെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 9നാണ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ഇന്ന് രാവിലെയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പ്രശസ്ത നടന്‍ അര്‍ജുന്‍ സര്‍ജയുടെ ഭാര്യാപിതാവ് കൂടിയാണ് രാജേഷ്. അര്‍ജുന്‍ സര്‍ജയാണ് മരണ വിവരം അറിയിച്ചത്. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു.

ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ഇന്ന് വൈകിട്ട് 6 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ നടന്റെ വേര്‍പാട് കന്നഡ സിനിമാ പ്രേമികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

1932 ല്‍ ഏപ്രില്‍ 15ന് ബെംഗളൂരുവില്‍ ജനിച്ച രാജേഷ് നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. വിദ്യാസാഗര്‍ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ കലാതപസ്വി രാജേഷ് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തിയിലെത്തുന്നത്. 60 കളില്‍ കന്നഡ സിനിമയിലേക്ക് എത്തിയ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

1963 ല്‍ പുറത്തിറങ്ങിയ ‘ശ്രീ രാമാജ്ഞനേയ യുദ്ധ’ ആയിരുന്നു ആദ്യത്തെ സിനിമ. 150 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മകള്‍ ആശ റാണി സംവിധായികയാണ്. നടന്‍ അര്‍ജുന്‍ സര്‍ജയാണ് ആശ റാണിയെ വിവാഹം ചെയ്തത്.

Vijayasree Vijayasree :