എല്ലാവരും മണിയെ വെച്ച് സിനിമ എടുത്തതില്‍ തന്നെ വിമര്‍ശിച്ചു, മരിക്കുന്നതിന് മുമ്പ് തന്റെ മകളും അച്ഛന് വേറെ പണിയില്ലേ കലാഭവന്‍ മണിയെ വെച്ച് സിനിമ എടുക്കാന്‍ എന്നാണ് പറഞ്ഞത്; ഇന്നും ആ സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടാണ്

കലാഭവന്‍ മണി എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിമിക്രി കലാകാരനായി എത്തി, സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭയാണ് കലാഭവന്‍ മണി. നിരവധി ചിത്രങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി കലാഭവന്‍ മണി യാത്ര പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇന്നും പ്രേക്ഷകര്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നടനെന്നതിനേക്കാള്‍ ഉപരി നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു കലാഭവന്‍ മണി.

ഇപ്പോഴിതാ കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കിയ ഒരു പരാജയ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി. 2007ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് എന്ന ചിത്രത്തെ കുറിച്ചാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഏറെ പ്രയാസപ്പെട്ട് നില്‍ക്കുന്ന സമയത്തായിരുന്നു ഈ ചിത്രം താന്‍ ചെയ്തത്. വളരെ ചെറിയ ചിത്രമായിരുന്നു ഇന്ദ്രജിത്ത്. നല്ല തിരക്കഥയായിരുന്നു കേട്ടത്. എന്നാല്‍ സിനിമ ചെയ്തു വന്നപ്പോള്‍ അത് മാറി. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും നിര്‍മ്മാതാവ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജയറാം ചിത്രം സര്‍ക്കാര്‍ ദാദ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് ഇന്ദ്രജിത്ത് സിനിമ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് ചെയ്തത്. നല്ലൊരു ആക്ഷന്‍ മൂവിയായിരുന്നു. പക്ഷെ ചിത്രീകരിച്ച് വന്നപ്പോള്‍ മോശമായി. ഫൈനല്‍ എഡിറ്റിംഗിന് ശേഷം സിനിമ കണ്ടപ്പോള്‍ ആദ്യം തനിക്ക് ചിരിയായിരുന്നു വന്നത്.

സിനിമ പോയി എന്ന് അത് കണ്ടപ്പോള്‍ തന്നെ മനസിലായി. സിനിമ ഓടില്ലെന്ന് സംവിധായകന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. തല്ലിപ്പൊളി സിനിമ. ഇന്നും ആ സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടാണ്. സിനിമ പരാജയപ്പെട്ടപ്പോള്‍ കലാഭവന്‍ മണിക്കും വലിയ വിഷമം ആയിരുന്നു. സിനിമയുടെ പേരില്‍ കുറെ വിമര്‍ശനം കേട്ടു.

കാണുന്നവര്‍ മുഴുവനും മണിയെ വെച്ച് സിനിമ എടുത്തതില്‍ തന്നെ വിമര്‍ശിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ മകളും ഈ സിനിമയുടെ പേരില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അച്ഛന് വേറെ പണിയില്ലേ കലാഭവന്‍ മണിയെ വെച്ച് സിനിമ എടുക്കാന്‍ എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് അവള്‍ പറഞ്ഞത്. ആ സിനിമ വേണ്ടെന്ന് അവള്‍ അന്ന് പറഞ്ഞിരുന്നു. അവള്‍ അന്ന് ചുമ്മാതെ ചോദിച്ചതാണ് എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

അതേസമയം, ജയറാം- വിജി തമ്പി കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന ചിത്രത്തെ കുറിച്ചും കലിയൂര്‍ ശശി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയറാം ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ ഉര്‍വ്വശി, രഞ്ജിനി തുടങ്ങിയവരായിരുന്നു നായികമാരായി എത്തിയത്. ഒരു ഹോളിവുഡ് ചിത്രം കണ്ട് അത് മലയാളത്തിലെടുക്കാന്‍ തോന്നിയിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. ‘കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രമായിരുന്നു. രഞ്ജിത്തിനെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചു. ജയറാം, ജഗതി, മുകേഷ് തുടങ്ങിയ താരങ്ങളായിരുന്നു എന്റെ മനസില്‍. അങ്ങനെ രഞ്ജിത്ത് എഴുത്ത് ആരംഭിച്ചു. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ പകുതി വരെ രഞ്ജിത്ത് എഴുതി. എന്നാല്‍ പിന്നീട് അങ്ങോട്ട് എഴുതാന്‍ കഴിഞ്ഞില്ല.

‘എനിക്ക് ഒരു സിനിമ പിടിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ വിജയരാഘവന്‍ ഒരുദിവസം പറഞ്ഞു; ശശി രഞ്ജിത്ത് പറയുന്നത് കേള്‍ക്ക്. രഞ്ജിത്ത് വേറൊരു കഥ തരും, ഞാന്‍ കേട്ടു, നല്ല കഥയാണ്. റിയലിസ്റ്റിക് സിനിമയാണ്. ഫാമിലിയാണ് എന്ന്’. അങ്ങനെ മനസില്ലാമനസോടെയാണ് മറ്റൊരു കഥ കേള്‍ക്കുന്നത്. അങ്ങനെ നന്മനിറഞ്ഞവന്‍ ശ്രീനിവാസന്റെ ഷൂട്ടിംഗ് തുടങ്ങി. ‘ആദ്യം തന്നെ ഡിസ്ട്രിബ്യൂഷന്‍ കൊടുത്തു.

അങ്ങനെ പതിനെട്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ വിതരണക്കാരനായ ഒരാള്‍ ക്ലൈമാക്‌സില്‍ ചെറിയ മാറ്റം വരുത്തണമെന്ന് സംവിധായകനോടും എഴുത്തുകാരനോടും പറഞ്ഞു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല’, ഞാന്‍ പൈസ സംഘടിപ്പിക്കാനുളള ഓട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ സെറ്റിലെത്തിയപ്പോള്‍ സംവിധായകന്‍ ക്ലൈമാക്‌സ് മാറ്റിയ കാര്യം എന്നോട് പറഞ്ഞു.

അതങ്ങനെ ശരിയാവും ഒന്നും മാറ്റില്ലെന്ന് ആദ്യമേ പറഞ്ഞതല്ലെ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പുതിയ ക്ലൈമാക്‌സ് അല്ലെങ്കില്‍ ഞാന്‍ ഇതില്‍ ഉണ്ടാവില്ലെന്ന് വിജി തമ്പി പറഞ്ഞു. ഇന്നത്തെ ഞാനായിരുന്നെങ്കില്‍ പോയി പണി നോക്കിക്കോ എന്ന് പറയുമായിരുന്നു’, നിര്‍മ്മാതാവ് പറയുന്നു. എന്നാല്‍ ആദ്യ സിനിമയായതുകൊണ്ട് അന്ന് എനിക്ക് അതിനുളള ധൈര്യമില്ല. അവസാനം ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ മുട്ടുമടക്കി. അന്ന് ഇത് ഓടില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. ആദ്യ പകുതി നന്നായി ചിരിക്കാനുളള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അത്ര ആസ്വദിപ്പിച്ച രംഗങ്ങളില്ല. പടം അവസാനം വിചാരിച്ചത് പോലെ വന്നില്ല. സാമ്പത്തിക വിജയം നേടിയില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്, കലിയൂര്‍ ശശി പറഞ്ഞു.

Vijayasree Vijayasree :