താനൊന്നു തിരിഞ്ഞു നിന്ന് ഒരു ഡയലോഗ് പറഞ്ഞു നേരെ നോക്കുമ്പോള്‍ ആ കാഴ്ച കണ്ട് തകര്‍ന്നു പോയി, ഭൂമി പിളര്‍ന്ന് അങ്ങു പോയാല്‍ മതി എന്ന് തോന്നിപ്പോയി, പ്രമോദ് വെളിയനാട് പറയുന്നു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് പ്രമോദ് വെളിയനാട്. കള, ആര്‍ക്കറിയാം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് പ്രമോദ് വെളിയനാട് ചെയ്തത്. നാടകത്തിലൂടെയാണ് പ്രമോദ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ നാടകത്തിലും സിനിമയിലും നല്ലൊരു കഥാപാത്രത്തിനായി അലഞ്ഞ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം. 

അഭയന്‍ കലവൂരിന് ഒപ്പം നാടകത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ കഥാപാത്രം തന്നെ കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാനാകുമോ എന്നായിരുന്നു അവരുടെ ചിന്ത. ഒന്നു രണ്ടു സംഭവങ്ങള്‍ അഭിനയിക്കാമോ എന്ന് അവര്‍ ചോദിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു മോണോ ആക്ട് ചെയ്തു കാണിച്ചു. ഒരു ഭാവവ്യത്യാസവും കൂടാതെ അവര്‍ ഇരുന്നു കാണുകയാണ്.

മോണോ ആക്ടിന്റെ ഭാഗമായി താനൊന്നു തിരിഞ്ഞു നിന്ന് ഒരു ഡയലോഗ് പറഞ്ഞു നേരെ നോക്കുമ്പോള്‍ മുമ്പില്‍ ആരുമില്ല. തകര്‍ന്നു പോയി. ഭൂമി പിളര്‍ന്ന് അങ്ങു പോയാല്‍ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോയി. എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ മുറിയിലേക്ക് തിരിച്ചു വന്നു. 101 രൂപ കയ്യില്‍ വച്ചു തന്നിട്ട് പറഞ്ഞു, ഇതു ടോക്കണ്‍ അഡ്വാന്‍സ് ആണ് എന്ന്.

അങ്ങനെയാണ് താന്‍ നാടകക്കാരനായത്. അതിനുശേഷം ഒരു നാടകസമിതിയേയും അവസരത്തിനായി തനിക്ക് അങ്ങോട്ട് സമീപേക്കണ്ടി വന്നിട്ടില്ല. നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന സുന്ദരന്‍മാര്‍ക്കൊപ്പവും അവരേക്കാള്‍ ഉയര്‍ന്ന വേഷത്തിലും അഭിനയിക്കാന്‍ പറ്റി. മികച്ച നാടക നടനുള്ള സംസ്ഥാനപുരസ്‌കാരം വരെ നേടാനായി എന്നും പ്രമോദ് പറയുന്നു.


Vijayasree Vijayasree :