കൈതി അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസം; കൊല്ലം സ്വദേശിയുടെ ഹര്‍ജി തള്ളി കോടതി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തി. താരത്തിന്റേതായി പുറത്തെത്താറുള്ള ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കൈതി വന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിരുന്നു.

എന്നാല്‍ അതിനു പിന്നാലെ ചിത്രം മോഷണമാണെന്ന ആരോപണവുമായി കൊല്ലം സ്വദേശി രംഗത്തെത്തിയതോടെ ചിത്രത്തിന് സ്റ്റേ വരികയായിരുന്നു. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ചിത്രത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ റദ്ദാക്കിയിരിക്കുകയാണ്.

സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്റ്റേ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു.

കൈതി എന്ന സിനിമയുടെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവ് ഫെര്‍ണാണ്ടസിന്റെ ആരോപിക്കുന്നത്.കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവല്‍ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിര്‍മാതാവ് അഡ്വാന്‍സ് തന്നതാണ്.

ലോക്ക്ഡൗണിന് ഇടയില്‍ കൈതി ടിവിയില്‍ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രാജീവിന്റെ ഹര്‍ജി. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Vijayasree Vijayasree :