വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായി, ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ല

മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി ഗാനങ്ങളിലൂടെ ഗാനരചയിതാവായും കവിയായും സംഗീതസംവിധായകനായും ഗായകനായും നടനായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദേശാടനം തുടങ്ങി ധാരാളം സിനിമകള്‍ക്ക് ഗാനരചനയും, സംഗീതവും ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് അദ്ദേഹം. സിനിമാക്കാരുടെ അവഗണനയെ കുറിച്ചാണ് തുറന്നു പറച്ചില്‍. വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായി. ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

450ല്‍ അധികം സിനിമയില്‍ പ്രവര്‍ത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതല്‍ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്‌കരന്‍ മാഷിനു പോലും അത് സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മള്‍ സമര്‍പിക്കുക മാത്രമാണ് ചെയ്യേണ്ടത്. അമ്മ കൂടെയുണ്ടെങ്കില്‍ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല.

ഞാന്‍ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും കേന്ദ്രമായ സിനിമയില്‍ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് താനെന്ന് കൈതപ്രം പറയുന്നു. പല പടങ്ങളിലും കഥാപാത്രങ്ങള്‍ ധിക്കാരിയായതുകൊണ്ട് ഞാന്‍ അഹങ്കാരിയാണെന്ന് ആളുകള്‍ തെറ്റിധരിക്കാറുണ്ട്. എന്നാല്‍ ഞാന്‍ ധിക്കാരിയല്ല, ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും കൈതപ്രം പറഞ്ഞു.

Vijayasree Vijayasree :