‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റേടിയും ആണ്! അവള്‍ ഒറ്റക്കാണ്’; കുറിപ്പുമായി ജൂഡ് ആന്റണി

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന മാനസിക ശാരീരിക പീഡനങ്ങള്‍ക്കൊടുവിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ സംഭവത്തില്‍ ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്.

ഇപ്പോഴിതാ ഒരു കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. മരിച്ചു പോയ സ്ത്രീകളോട് മാത്രമേ നമ്മുടെ സമൂഹത്തിന് കരുതല്‍ ഉള്ളുവെന്നും ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നവര്‍ അഹങ്കാരികള്‍ എന്ന് മുദ്ര കുത്തപ്പെടും എന്നും പറയുന്നു.

‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റേടിയും ആണ്! അവള്‍ ഒറ്റക്കാണ്’, ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

അതേസമയം സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കിരണിനെ അറസ്റ്റ് ചെയ്തത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ കിരണ്‍കുമാറിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാനാണ് പൊലീസ് നീക്കം.

സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാത്രമല്ല, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ടേക്കുമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ഷാഹിദാ കമാല്‍ പറഞ്ഞത്. വിസ്മയ മരണപ്പെട്ടതിന്റെ തലേദിവസം കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ സഹോദരനോട് കൂട്ടുകാരി പറഞ്ഞതെന്നും അത് പരിശോധിക്കപ്പെടണമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

Vijayasree Vijayasree :