ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ട് പ്രതികള്‍ക്കു കൂടി ജാമ്യം

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ട് പ്രതികള്‍ക്കു കൂടി ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, രണ്ടാം പ്രതി പി ജി ജോസഫിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 16ലേയ്ക്ക് മാറ്റി.

കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ജോജുവിന്റെ വാഹനം പ്രതികള്‍ തകര്‍ത്തത്.

നേരത്തെ നവംബര്‍ പത്തിനാണ് കേസില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചത്.

Vijayasree Vijayasree :