സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റൊരു രാജ്യാന്തര അംഗീകാരം കൂടി നേടി ‘ജോജി’

നിരവധി പ്രേക്ഷക പ്രശംസ നേടിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു ജോജി. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല, ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും രാജ്യാന്തര പുരസ്‌കാരം നേടിയിരിക്കുകയാണ് ചിത്രം. വേഗാസ് രാജ്യാന്തര മേളയിലാണ് ഇത്തവണ ചിത്രത്തിന് അംഗീകാരം ലഭിച്ചത്. മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. നടന്‍ ഫഹദ് ഫാസിലാണ് തന്റെ സമൂഹമാധ്യമങ്ങലിലൂടെ ഇക്കാര്യം പങ്കുവച്ചത്.

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമാണ് ഇത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയും ശ്യാം പുഷ്‌കരന്റേത് ആയിരുന്നു.

Vijayasree Vijayasree :