അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍, നൂറിലധികം ക്യാമറകള്‍; ജയസൂര്യയുടെ കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു; പ്രതീക്ഷയോടെ ആരാധകര്‍

മലയാളികളുടെ പ്രിയ താരം ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ജയസൂര്യ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചാണ് സിനിമയുടെ ചിത്രീകരണം.

അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ തങ്ങള്‍ അതീവ കൃതാര്‍ത്ഥരാണ്. പൂര്‍ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്‍.

ഏഴു ഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും എന്നാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. ആര്‍. രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം ഒരുക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടട് ആയിരിക്കും കത്തനാര്‍.

Vijayasree Vijayasree :