താന്‍ പൂര്‍ണ ആരോഗ്യവാനാണ്, സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ല; ജനാര്‍ദനന്‍ പറയുന്നു!

നടന്‍ ജനാര്‍ദനന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതലാണ് പ്രചരിച്ച് തുടങ്ങിയത്. അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വാര്‍ത്തയോട് പ്രതികരിച്ച് എത്തിയത്. ഇപ്പോഴിതാ വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജനാര്‍ദനന്‍.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദനന്‍ പറഞ്ഞു. വ്യാജ വാര്‍ത്ത കാരണം സത്യാവസ്ഥ അറിയാതെ സിനിമ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ വ്യക്തമാക്കി.

ജനാര്‍ദനന് പുറമെ അദ്ദേഹത്തിന്റെ ആരാധകരുടെ ഫേസ്ബുക്ക് പേജിലും വാര്‍ത്ത വ്യാജമാണെന്ന വിവിരം പോസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയും സംഭവത്തില്‍ പ്രതികരണം അറിയിച്ചിരുന്നു.

‘ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദനന്‍ മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്‍ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്.

ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം. ഇതൊരു അപേക്ഷയാണ്’ എന്നാണ് ബാദുഷ പറഞ്ഞിരുന്നത്.

Vijayasree Vijayasree :