ജെയിംസ് ബോണ്ടിനിന്നും ആരാധകരേറെയാണ്. ഇപ്പോഴിതാ ജെയിംസ് ബോണ്ട് ആയി സ്‌ക്രീനില്‍ ശോഭിച്ച ക്രെയ്ഗിന് ഒരു സവിശേഷ അംഗീകാരവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് റോയല്‍ നേവി. സ്‌ക്രീനില്‍ നാവികസേനാ കമാന്‍ഡര്‍ ആയിരുന്ന ബോണ്ട് താരത്തിന് സേനയിലും അതേ പദവി നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് നാവികസേന. താരത്തിന്റെ ‘നോ ടൈം റ്റു ഡൈ’ തിയേറ്ററുകളിലെത്താന്‍ ഒരാഴ്ച കൂടി മാത്രം ശേഷിക്കെയാണ് ഈ വിവരം പുറത്ത് വരുന്നത്.
‘ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിനെ റോയല്‍ നേവിയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. കമാന്‍ഡര്‍ ബോണ്ട് എന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി ലോകമെമ്പാടും അറിയപ്പെടുന്ന ആളാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള ദൗത്യങ്ങളില്‍ ബ്രിട്ടനെ സുരക്ഷിതമാക്കി നിര്‍ത്തിയ നാവികോദ്യോഗസ്ഥന്‍.
അതുതന്നെയാണ് യഥാര്‍ഥ റോയല്‍ നേവിയും ദിവസേന ചെയ്യുന്നത്. ബോണ്ടിനെപ്പോലെതന്നെ സാങ്കേതികവിദ്യയും പരിചയസമ്പന്നതയും ഒരേപോലെ ഉപയോഗിച്ചുകൊണ്ട്’, റോയല്‍ നേവി തലവന്‍ അഡ്മിറല്‍ ടോണി റദാകിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബ്രിട്ടീഷ് റോയല്‍ നേവിയിലെ ഏഴാമത്തെ റാങ്ക് ആണ് കമാന്‍ഡറുടേത്. തന്റെ പേരിനൊപ്പം ഈ പദവി ഉപയോഗിക്കാന്‍ ക്രെയ്ഗ് തല്‍പ്പരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രെയ്ഗിന്റെ ഏറ്റവും പുതിയതും അവസാനത്തേതുമായ ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈയില്‍ യുകെ മിലിറ്ററിയുടെ ചില പുതിയ ഹാര്‍ഡ്‌വെയറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ശത്രു രാജ്യങ്ങളുടെ മിസൈലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന എച്ച്എംഎസ് ഡ്രാഗണ്‍ എന്ന എയര്‍ ഡിഫന്‍സ് ഡിസ്‌ട്രോയര്‍, അഫ്ഗാനിസ്ഥാനില്‍ സമീപകാലത്ത് എയര്‍ലിഫ്റ്റിന് ഉപയോഗിച്ച സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ വിമാനം എന്നിവയൊക്കെ പുതിയ ബോണ്ട് ചിത്രത്തിലുമുണ്ട്.