‘ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി’; സിബിഐ 5: ദി ബ്രെയ്ന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ജഗതി

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ സിബിഐ സീരീസുകള്‍. എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ ജഗതി ശ്രീകുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാല്‍ കാര്‍ അപകടത്തില്‍ പരിക്ക് പറ്റി വിശ്രമ ജീവിതം നയിക്കുന്ന ജഗതി സിബിഐ സീരിസിന്റെ അഞ്ചാ ഭാഗത്തിലുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ സിബിഐ 5: ദി ബ്രെയ്ന്‍ ചിത്രത്തില്‍ ജഗതിയും ജോയിന്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയപ്പോള്‍ ചാക്കോ എന്ന ഉദ്യോഗസ്ഥനായാണ് ജഗതി അവതരിപ്പിച്ചത്. അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, ജഗതി ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സന്തോഷമാണ് സംവിധായകന്‍ കെ. മധു പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി” എന്ന് കെ. മധു പറഞ്ഞു. ”സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രവും അവരോടൊപ്പം എത്തിയിരിക്കും. അതിന് ഈശ്വരനോട് നന്ദി പറയുകയാണ്” എന്ന് മധു പറഞ്ഞു.

ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു. 2012ല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിക്ക് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. അപകടത്തിന് ശേഷം ഏഴു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വന്നത്.

Vijayasree Vijayasree :