ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രത്തിന്റെ സെറ്റില്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കി നിര്‍മ്മാതാക്കളായ കബനി ഫിലിംസ്

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും നിരന്തരം ചര്‍ച്ചയാകുന്നതിനിടെ പെരുമാറ്റച്ചട്ടം നടപ്പിലാക്കി സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ സെറ്റ്. ഷറഫുദ്ദീന്‍ നായകനാകുന്ന ‘1744 വൈറ്റ് ഓള്‍ട്ടോ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് നിര്‍മ്മാതാക്കളായ കബനി ഫിലിംസ് പെരുമാറ്റച്ചട്ടം നടപ്പാക്കിയത്.

സെറ്റിലെ അഭിനേതാക്കള്‍ക്കും സംഘാംഗങ്ങള്‍ക്കുമിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്ക/നിയമ നടപടിയെടുക്കാന്‍ നാലു പേരടങ്ങിയ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിച്ചത്.

എക്‌സിക്യുട്ടീവ് നിര്‍മ്മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായി നിര്‍മ്മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരടങ്ങിയതാണ് സമിതി. കാഞ്ഞങ്ങാട്ട് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

”കാസ്റ്റ് ആന്റ് ക്രൂ അംഗങ്ങള്‍ പരസ്പര ബഹുമാനത്തോടെ പെരുമാറേണ്ടതാണ്. താഴെ പറയുന്ന പ്രവര്‍ത്തികള്‍ ലൈംഗിക ചൂഷണമായി കരുതുകയും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതുമാണ്” എന്നാണ് കാസ്റ്റ് ആന്റ് ക്രുവിന് വേണ്ടി പ്രസിദ്ധീകരിച്ച ഷൂട്ടിങ്ങ് പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിരിക്കുന്നത്.

Vijayasree Vijayasree :