നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി ആയ ‘റൈറ്റിംഗ് വിത്ത് ഫയര്‍’; ഡോക്യുമെന്ററി പറയുന്നത് യുപിയിലെ ദളിത് സ്ത്രീകളുടെ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ച്

94ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി ആയ ‘റൈറ്റിംഗ് വിത്ത് ഫയര്‍’. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് ‘റൈറ്റിംഗ് വിത്ത് ഫയര്‍’ ഭാഗമായിരിക്കുന്നത്. റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. യുപിയിലെ ദളിത് സ്ത്രീകളുടെ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്.

അതേസമയം, ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും ജനുവരി 21ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സര പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ഇന്നലെ വൈകുന്നരമാണ് 94-ാമത് അക്കാദമി ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങള്‍ക്കൊപ്പമാണ് മരക്കാറും ജയ് ഭീമും ഇടം നേടിയത്.

ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോര്‍ദ്ദാനും ട്രേസി എല്ലിസ് റോസും ചേര്‍ന്നാണ് ഓസ്‌കാര്‍ നോമിനേഷന്‍സ് പ്രഖ്യാപിച്ചത്. വിജയികളെ ഈ വരുന്ന മാര്‍ച്ച് 27ന് ലോസാഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പ്രഖ്യാപിക്കും.

മികച്ച നടന്‍, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Vijayasree Vijayasree :