ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്ന് പോകും; പട്ടിണിയുടെ അങ്ങേ അറ്റത്താണ് സിനിമ വ്യവസായമെന്ന് ഇടവേള ബാബു

കോവിഡ് പിടിമുറുക്കിയതോടെ എല്ലാ മേഖലയും കൂപ്പു കുത്തിയപ്പോള്‍ സിനിമാ വ്യവസായവും ദുരുതം അനുഭവിക്കുകയാണ്. ഇപ്പോഴിതാ പട്ടിണിയുടെ അങ്ങേ അറ്റത്താണ് സിനിമ വ്യവസായമെന്ന് പറയുകയാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്ന് പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം ലോക്ക്ഡൗണില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജിനായി സമ്മര്‍ദം ശക്തമാക്കുകയാണ് സിനിമാ സംഘടനകള്‍. നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ സീരിയലുകള്‍ക്ക് നല്‍കിയതുപോലെ സിനിമാ ഷൂട്ടിങിനെങ്കിലും അനുമതി നല്‍കണമെന്ന ആവശ്യമാണ് സംഘടനകള്‍ക്കുള്ളത്.

ഒന്നരവര്‍ഷത്തോളമായി കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സിനിമ വ്യവസായത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ട് വെക്കുന്നു.ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ വാക്‌സിനേഷന്‍ ക്യാംപ് നടത്തിയത്.

Vijayasree Vijayasree :