നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ തുടങ്ങി ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലും നാടകീയ സംഭവങ്ങള്‍ക്കൊടുവിലും ദിലീപിന് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍ ഒരു സാധാരണക്കാരന് വളരെപ്പെട്ടെന്ന് ലഭിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ ദിലീപിന് ഇത്രയും നാള്‍ അനുവദിച്ചതും ജാമ്യം ലഭിച്ചതുമെല്ലാം മലയാളികള്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു.
കോടതിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു പലരും സോഷ്യല്‍ മീഡിയ വഴി വാതോരാതെ പ്രസംഗിച്ചത്. ഫേക്ക് അക്കൗണ്ട് വഴി എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് എവിടെ നിന്നോ കിട്ടിയത് കൊണ്ട് ഇത്തരക്കാര്‍ അത് കാര്യമായി തന്നെ ഉപയോഗിക്കുകയും ചെയ്തു. ദിലീപ് ജഡ്ജിയെ സ്വാധീനിച്ചു.., കോടതിയും ദിലീപിന് ഒപ്പം.., കോടികള്‍ വാരിയെറിഞ്ഞ് ദിലീപ് കോടതിയെ വരെ വാങ്ങിച്ചു.., വിധി പറയുന്ന ജഡ്ജി ദിലീപില്‍ നിന്നും എത്ര വാങ്ങി എന്നു തുടങ്ങി സോഷ്യല്‍ മീഡിയയുടെ സ്ഥിരം ആക്രമണം തന്നെ.
എന്നാല്‍ നേരിട്ട് സ്വന്തം അക്കൗണ്ടു വഴി ഇത്തരം വാചകങ്ങള്‍ പുറത്തേയ്ക്ക് എഴുതി വിടാന്‍ കൈവിരലുകള്‍ ഒന്നു മടിക്കും.., കാരണം പറയുന്നത് കോടതിയ്ക്ക് എതിരെയാണല്ലോ. എന്ത് തന്നെയായാലും പലരിലും ഉടലെടുത്ത ഒരു ന്യായമായ സംശയമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. കോടതി നടപടികളെ കുറിച്ചോ കേസിനെ കുറിച്ചോ പരിജ്ഞാനമില്ലാത്തവര്‍ ഇങ്ങനെയൊക്കെ ചിന്തിക്കാം.
തുടക്കം മുതല്‍ ദിലീപ് കേസില്‍ ക്രൈംബ്രാഞ്ചിനെതിരായ നിലപാടാണ് കോടതി പിന്തുടര്‍ന്നത്. ഇത് ഒരു ബെഞ്ചില്‍ നിന്ന് മാത്രമല്ല. പല ബഞ്ചുകളില്‍ നിന്നും ദിലീപിന്അനുകൂലമായ പരാമര്‍ശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്. തുടരന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി കൈയോടെ തള്ളി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
ഈ കേസിനു മാത്രം എന്താണു പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്ര അധികം സമയം എന്തിനെന്നും കോടതി ചോദിച്ചു. തുടരന്വേഷണം ഇപ്പോള്‍ത്തന്നെ 2 മാസം പിന്നിട്ടെന്നും ഹൈക്കോടതി അസഹ്യതയോടെ ചോദിച്ചു. തുടരന്വേഷണത്തില്‍ ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാനുണ്ടെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ എത്തിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. പ്രതികളുടെ ശബ്ദ സാംപിളുകള്‍ അടക്കമുള്ളവ ശേഖരിക്കേണ്ടിവരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിച്ചത്.
അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും വിശദീകരിച്ചു. ഇപ്പോള്‍ തന്നെ രണ്ടു മാസം പിന്നിട്ടെന്നും ഇനി എത്ര സമയം കൂടി വേണമെന്നും ചോദിച്ചപ്പോള്‍ തുടരന്വേഷണത്തിന് സമയപരിധി വയ്ക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി പ്രോസിക്യൂഷന്‍ അറിയിച്ചു.ഇതെല്ലാം കോടതിയെ പ്രകോപിപ്പിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം തടയണമെന്ന ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയെ കഴിഞ്ഞ ദിവസം കക്ഷി ചേര്‍ത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും തുടരന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതാണ് കോടതി സമ്മതിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതു പുനരന്വേഷണമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് തനിക്കെതിരെ ആരോപണങ്ങളും അന്വേഷണവും ഉണ്ടായതെന്നും ദിലീപ് പറയുന്നു.
അതേസമയം, തുടരന്വേഷണത്തെ എന്തിനു തടസപ്പെടുത്തുന്നു എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചത്. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കേണ്ടതാണ് എന്ന നിലപാടും കോടതി സ്വീകരിച്ചിരുന്നു. പരാതി വൈകിയതു സംബന്ധിച്ച അന്വേഷണവും വേണമെന്നും കോടതി വിലയിരുത്തിയിരുന്നു. ഇത്തരമൊരു അനുകൂല നിലപാട് ക്രൈംബ്രാഞ്ച് തന്നെയാണ് ഇല്ലാതാക്കിയത്.
ദിലീപിനോട് വ്യക്തിവിരോധമുള്ള തരത്തിലാണ് ക്രൈംബ്രാഞ്ച് പെരുമാറുന്നതെന്ന ചിന്ത ഹൈക്കോടതിയില്‍ സൃഷ്ടിച്ചത് പോലീസ് തന്നെയാണ്. കേസ് ഫയലില്‍ നിന്ന് ഹൈക്കോടതി മനസിലാക്കിയത് . കേസ് ഫയല്‍ ഹൈക്കോടതി കൃത്യമായി പഠിച്ചിട്ടുണ്ട്.ചില വിവരങ്ങള്‍ കോടതി തന്നെ നേരിട്ട് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം കേസ് കെട്ടിച്ചമച്ചതാണെന്ന തോന്നല്‍ ഹൈക്കോടതിക്കുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരെ വകവരുത്താനുള്ള ധൈര്യം ദിലീപിനില്ലെന്നും കോടതി മനസിലാക്കി.ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇത് കേരളമാണെന്ന് മറക്കരുതെന്നാണ് കോടതി ഓര്‍മ്മിപ്പിക്കുന്നത്. അതായത് കോടതി ക്രൈംബ്രാഞ്ചിനെ അവിശ്വസിക്കുന്നു എന്ന് പറയുന്നതാവും ശരി.