ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് മലയാള സിനിമാ ലോകം; 18 കോടി രൂപയില്‍ ഇനി വേണ്ടത്..!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് മാട്ടൂല്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ മുഹമ്മദ്. മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മാത്രമല്ല, മലയാള സിനിമ ലോകത്ത് നിന്നും വരെ ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. 

ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയിന്‍ തുടങ്ങി താരങ്ങള്‍ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതകവൈകല്യ രോഗമാണ് മുഹമ്മദിനെ ബാധിച്ചിരിക്കുന്നത്. ഈ രോഗത്തെ തുടര്‍ന്ന് ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് പോവുകയാണ് ഉണ്ടാവുക. എന്നാല്‍ ഇത് തടയണമെങ്കില്‍ 18 കോടി രൂപ വിലയുള്ള മരുന്നാണ് വേണ്ടത്.

ഇതേ തുടര്‍ന്നാണ് മുഹമ്മദിനെ സഹായിക്കാനുള്ള അഭ്യര്‍ത്ഥനയുമായി താരങ്ങള്‍ രംഗത്തെത്തിയത്. മുഹഹമ്മദിന്റെ ചേച്ചി അഫ്രക്കും ഇതേ രോഗമാണ് ബാധിച്ചിരിക്കുന്നത്. അതിനാല്‍ ശരീരം തളര്‍ന്ന് അഫ്ര ഇപ്പോള്‍ വീല്‍ചെയറിലാണ്. 

അന്ന് മാതാപിതാക്കള്‍ക്ക് ഈ മരുന്ന് നല്‍കാന്‍ സാധിച്ചില്ല. തന്റെ അവസ്ഥ സ്വന്തം അനിയന് വരാതിരിക്കാനാണ് അഫ്രയും കുടുംബവും സഹായം അഭ്യര്‍ത്ഥിക്കുന്നത്. നിലവില്‍ 14 കോടി ഇതിനോടകം തന്നെ സുമനസുകള്‍ നല്‍കി കഴിഞ്ഞു. ഇനി വേണ്ടത് നാല് കോടി രൂപയാണ്.


Vijayasree Vijayasree :