‘ഏമാന്മാരെ ഏമാന്മാരെ..ഞങ്ങളുമുണ്ടേ ഇവളുടെ കൂടെ’; ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയറിച്ച് നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ഐഷയ്ക്ക് പിന്തുണ അറിയിച്ചത്. ‘ഐഷ സുല്‍ത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ‘ഏമാന്മാരെ ഏമാന്മാരെ..ഞങ്ങളുമുണ്ടേ ഇവളുടെ കൂടെ’എന്ന് തുടങ്ങുന്ന ഗാനവും അദ്ദേഹം ഫേസ്ബുക്കിലൂടെ ആലപിക്കുകയും ചെയ്തു.

ഇതിനോടകം തന്നെ നിരവധി പേരാണ് ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് എത്തിയത്. ലക്ഷദ്വീപിലെ വിഷയങ്ങളെ കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ഐഷ സുല്‍ത്താന ബയോവെപ്പണ്‍ എന്ന പ്രയോഗം ഉപയോഗിച്ചത്. പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിടുകയും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

വിഷയത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഐഷക്ക് പിന്തുണയറിച്ചിട്ടുണ്ട്. ബയോവെപ്പണ്‍’ പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്. താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാരിനോ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്നും വളരെ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് പിന്നെ അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല.

രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. താന്‍ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :