കഴിഞ്ഞ കാല ജീവിതത്തിലെ എന്നോടൊപ്പമുണ്ടായിരുന്ന നാടകക്കാരൊക്കെ മുഴു പട്ടിണിയിലാണ്; സര്‍ക്കാര്‍ പ്രസ്താവനകളില്‍ അരങ്ങിലെ ജീവിതങ്ങളെ കൂടി പെടുത്തിയാല്‍ ഒരു പാട് കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും, പോസ്റ്റുമായി ഹരീഷ് പേരടി

സംസ്ഥാനത്ത് തിയേറ്റര്‍ തുറക്കുന്ന കാര്യം പരിഗണനയില്‍ എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മിമിക്രി, നാടക കലാകാരന്‍മാരെ കുറിച്ച് ഒന്നും പറയാത്തതെന്താണെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നലെയാണ് തിയേറ്റര്‍ തുറക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. അതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള ഹരീഷ് പേരടിയുടെ പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘സഖാവേ സിനിമാ തിയേറ്ററുകള്‍ തുറക്കണം..നല്ല കാര്യം..അപ്പോഴും അതിന്റെ കൂടെ നാടകം,ഗാനമേള, നൃത്തം,മിമിക്രി തുടങ്ങിയ പദങ്ങളൊന്നും പറയാത്തത് എന്താണ്? ഓഡിറ്റോറിയങ്ങള്‍ തുറന്നാല്‍ അവിടെ രാഷ്ട്രിയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും കല്യാണവും എല്ലാം നടക്കും. അതിന്റെ കൂടെ പെടുത്തേണ്ടതാണോ അരങ്ങിലെ കലാകാരന്‍മാരുടെ ജീവിതം.

ഞാന്‍ ഇന്ന് സിനിമക്കാരനാണെങ്കിലും എത്രയോ തെരുവുനാടകങ്ങള്‍ ഇലക്ഷന്‍ സമയത്ത് കളിച്ചവനാണ്. അല്ലാതെയും നാടകം കളിച്ച് കുടുംബം പോറ്റിയവനാണ്. അത് അറിയണമെങ്കില്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍ ബേബി സഖാവിനോട് ചോദിച്ചാല്‍ മതി.

കഴിഞ്ഞ കാല ജീവിതത്തിലെ എന്നോടൊപ്പമുണ്ടായിരുന്ന നാടകക്കാരൊക്കെ മുഴു പട്ടിണിയിലാണ്. എനിക്ക് പേരിനെങ്കിലും ഷൂട്ടിംങ്ങും തുടങ്ങി, ഒടിടിയുമുണ്ട്. പക്ഷെ അരങ്ങിലെ കലാകാരന്‍മാര്‍ കണ്ണുമിഴിച്ച് കാത്തിരിക്കുകയാണ്.

അരങ്ങുകളില്‍ നിന്നാണ് കേരളത്തില്‍ കമ്മ്യൂണിസം പടര്‍ന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്. സര്‍ക്കാര്‍ പ്രസ്താവനകളില്‍ അരങ്ങിലെ ജീവിതങ്ങളെ കൂടി പെടുത്തിയാല്‍ ഒരു പാട് കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും. ഇത് ഒരു വിമര്‍ശനമല്ല ഒരു ചുണ്ടു പലക മാത്രം. ലാല്‍സലാം.’

Vijayasree Vijayasree :